മഴക്കാലത്ത്
ഒമ്പത്തു ഗുഡ്ഡ പോവുന്നത് ആത്മഹത്ത്യാപരം ആണെന്ന് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമാണ്. ആദ്യത്തെ പ്രാവശ്യം ഇവിടെ പോയത് തന്നെ ഞാന്‍ കുറച്ചു കഷ്ടപ്പെട്ടു.
വയസ്സായോ എന്നൊരു സംശയവും തോന്നിയിരുന്നു. അത് കൊണ്ടു തന്നെ ഒന്നും കൂടെ ഇവിടെ പോകണം ... അതും കുറച്ചു ആള്ക്കാര് മാത്രം ആയിട്ട് എന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു. തന്നെ വഴി കണ്ടു പിടിച്ചു പോവുന്നതല്ലേ അതിന്റെ ഒരു രസം!
കഴിഞ്ഞാഴ്ച ഇറങ്ങിപ്പുറപ്പെട്ടു! ഭാരമുള്ള ലെന്‍സുകളും മറ്റു സാധനങ്ങളും ഇത്തവണ വീട്ടില്‍ തന്നെ വെച്ചു. ഷിറാഡി ചുരം റോഡു പണി തീര്‍ന്നതിനാല്‍ പോക്ക് എളുപ്പമായിരുന്നു. മജെസ്റ്റിക്കില്‍ നിന്നും ധര്‍മസ്ഥലക്ക് പോവുന്ന ഒരു ബസില്‍ കയറി. ഗുണ്ഡിയക്ക് ടിക്കറ്റ് എടുത്തു. ഒരു കന്നഡ പടം വെച്ചതിനാല്‍ ഉറക്കം തീരെ നടന്നില്ല. പുലര്‍ച്ചെ 4 മണിക്ക് സക്കലേഷ്പൂരില് എത്തി, ഒരു 5 മണിക്ക് ഗുണ്ഡിയയും. ചെക്ക്-പോസ്റ്റില്‍ ഇറങ്ങാതെ അടുത്ത പാലത്തിനടുത്ത് ഇറക്കാന്‍ ഞാന്‍ കിളിയോട് പറഞ്ഞു. ഒരല്പം മുന്നോട്ടു പോയതേ ഉള്ളു, ബസ്സ് വഴിയില്‍ നിര്‍ത്തിയിട്ട ഒരു കെ.എസ്.ആര്.ടി.സി ബസ്സിന്റെ നേരെ പുറകില്‍ ചെന്നിടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് എന്നാണ് എന്റെ ബലമായ സംശയം. എന്തായാലും കാബിനില്‍ ഇരുന്ന കുറച്ചു പേര്‍ക്ക് സാരമല്ലാത്ത പരിക്കുകള്‍ പറ്റി, ഡ്രൈവര്‍ക്കും - ആകെ ബഹളം!
ഇറങ്ങാന്‍ ഉള്ള സ്ഥലം ആയതിനാല്‍ പെട്ടെന്ന് ഇറങ്ങി നടന്നു. ഒരു 5 മിനിട്ട് നടന്നപ്പോഴേക്കും കബ്ബിനലെ ഹോളെ പാലം എത്തി, അത് കഴിഞ്ഞ് വലത്തു ഭാഗത്തായി ഒമ്പത്തു ഗുഡ്ഡക്കുള്ള വഴിയും.ഏതാണ്ട് വെളിച്ചം ആയി വരുമ്പോഴേക്കും ട്രെക്കിംഗ് തുടങ്ങിയിരുന്നു. കഴിഞ്ഞ തവണത്തേതിനെക്കാളും ഒരു മണിക്കൂറെങ്കിലും നേരത്തെ. പെട്ടെന്ന് നടന്നത് കാരണം ഒരു 8.30 ആയപ്പോഴേക്കും വീണ്ടും കബ്ബിനലെ ഹോളെ പുഴക്കടുത്തെത്തി. പെട്ടെന്ന് തന്നെ പല്ലു തേപ്പും പ്രാതലും കഴിച്ചു നടപ്പ് തുടര്‍ന്നു. കബ്ബിനലെ ഹോളെയുടെ ഒരു പോഷക നദിയുടെ - നമുക്കിവനെ ഒമ്പത്തു ഗുഡ്ഡ പുഴ എന്ന് വിളിയ്ക്കാം - വശത്തു കൂടെ ആണ് ഇനി പോവേണ്ടത്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഒമ്പത്തു ഗുഡ്ഡ പുഴയുടെ അടുത്തു കൂടെ തന്നെയാണ് ഇത്തവണയും പോയത്. പുഴയില്‍ ഇത്തിരി വെള്ളം കൂടുതലായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ ഒരു 11.30 ആയപ്പോഴേക്കും വെള്ളച്ചാട്ടത്തിനടുത്തെത്തി. കഴിഞ്ഞ തവണത്തേക്കാളും ഒരു 2 മണിക്കൂറെങ്കിലും നേരത്തെ :)


വെള്ളച്ചാട്ടത്തില്‍ പക്ഷെ അന്നത്തേക്കാളും വെള്ളം കൂടുതല്‍ ആയിരുന്നു. അതിന്റെ വശത്തു കൂടെ കയറാനും ബുദ്ധിമുട്ടായിരുന്നു. ഒരു വിധേന കയറി മുകളില്‍ എത്തിയപ്പോഴാണ് മനസ്സിലായത്, ഈ വെള്ളച്ചാട്ടം താഴത്തെ നിലയായിരുന്നെന്ന്. കഴിഞ്ഞ തവണ കണ്ട വെള്ളച്ചാട്ടം മുകളിലായിരുന്നു. അവിടുന്നങ്ങോട്ട് കയറാന്‍ കുറച്ചു അപകടം തന്നെ. ഒടുവില്‍ പാറയുള്ള ഭാഗം ഒഴിവാക്കി കാട്ടിലൂടെ മുകളിലേക്ക് കയറി. കുത്തനെയുള്ള കയറ്റം. പക്ഷെ കുറച്ചു കയറിക്കഴിഞ്ഞപ്പോള്‍ ഒരു വഴി കണ്ടു. വെള്ളത്തിന്റെ ശബ്ദം കേള്‍ക്കാനുള്ളത് കൊണ്ട്, പിന്നെ അതിലെ അങ്ങ് നടന്നു :)
കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വെള്ളതിനടുത്ത് തന്നെ എത്തി. അവിടുന്നങ്ങോട്ട് വഴി കാണാഞ്ഞത് കൊണ്ടു വെള്ളതിനടുത്ത് കൂടെ തന്നെ നടന്നു. ഒരു 3 മണിയായപ്പോള്‍ ഒരു മാതിരി അരുവിയുടെ തുടക്കത്തില്‍ എത്തി. അവിടുന്നങ്ങോട്ട് ആകെയുള്ള വഴി കാട്ടിലൂടെ മുകളിലേക്കായിരുന്നു. വേറെ വഴിയൊന്നും കാണാഞ്ഞപ്പോള്‍ നേരെ കയറാന്‍ തുടങ്ങി. അതിന് മുന്നേ വെള്ളക്കുപ്പികള്‍ നിറച്ചു. ഇനിയങ്ങോട്ട് വെള്ളം ഇല്ല :(
വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ ഉള്ള വഴിയിലൂടെ നടന്നപ്പോള്‍ ആവണം വഴി തെറ്റിയത്. തിരിച്ചു വന്നു ചേര്‍ന്നത് ഒമ്പത്തു ഗുഡ്ഡ പുഴയില്‍ ആയിരിക്കില്ല ... പകരം ഒരു ചെറിയ അരുവിയിലാവണം. എന്തായാലും ഇവിടുന്നു കയറിയാല്‍ മുകളിലെത്താവുന്നതേ ഉള്ളു. എത്തുകയും ചെയ്തു ... കുറച്ചു കഷ്ടപ്പെട്ടു എന്ന് മാത്രം. കയറ്റം കുറച്ചു കഠിനം ആയിരുന്നു. നനഞ്ഞ വഴിയിലൂടെ കുത്തനെയുള്ള കയറ്റം, ചെറിയ കുറ്റിച്ചെടികള്‍ ഒക്കെയുണ്ട്, പക്ഷെ അവ പിടിക്കുന്നത് സുക്ഷിച്ചു വേണം ... പൊട്ടി വീഴാന്‍ നല്ല സാധ്യത ഉണ്ട്. ഇടക്കൊരു രണ്ടു മൂന്നു പ്രാവശ്യം തെന്നി വീഴുകയും ചെയ്തു ... പിടി കിട്ടിയത് കാരണം രക്ഷപ്പെട്ടു!
ഒരു നാല് മണി ആയപ്പോഴേക്കും പുല്ല് നിറഞ്ഞ ഒരു മല മുകളില്‍ എത്തി. അവിടുന്ന് ആകാശം കാണാം ... ചുറ്റുമുള്ള മലകളും :) ക്യാമ്പ് ചെയ്യാന്‍ പറ്റിയ സ്ഥലം. ടെന്റ്റ് പുറത്തെടുത്ത് ഉറപ്പിച്ചു കഴിഞ്ഞതും മഴ തുടങ്ങി .... ചോരാത്ത മഴ. രാത്രി മുഴുവനും, ടെന്റ്റിനകത്തെ വെള്ളം തുടച്ചു പിഴിഞ്ഞു പുറത്തു കളയുന്നതായിരുന്നു പ്രധാന പണി ... ഇന്നും ഉറക്കം നടന്നില്ല. രാവിലെ ഒരു 5 മണിക്ക് എണീറ്റു. മഴ കുറച്ചു കുറഞ്ഞിരുന്നു. ചുറ്റുപാടും നന്നായിട്ടു കാണാം, മേഘങ്ങള്‍ കാല്ച്ചുവട്ടില് ... അതിമനോഹരമായ കാഴ്ചകള്‍ ... ക്യാമറ പുറത്തെടുത്ത് ഒന്നു രണ്ടു പടം പിടിച്ചു ... അപ്പോഴാണ് മനസ്സിലായത് ക്യാമറ നന്നായി നനഞ്ഞിരിക്കുന്നു ... പിന്നെ അവനെ ഓഫ് ആക്കി സഞ്ചിക്കകത്തിട്ടു!

വേറെ പ്രത്യേകിച്ച് വഴിയൊന്നും ഇല്ലാഞ്ഞതിനാല്‍ നേരെ മുകളിലോട്ട് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കോടമഞ്ഞ്. ഒരു 5 മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ ഒന്നും കാണാന്‍ കഴിയില്ല. നേരെ മുകളിലോട്ട് കയറണോ അതോ ഈ മല ചുറ്റിപ്പോകണോ എന്ന് സംശയം. പക്ഷെ ചുറ്റിപ്പോയാല്‍ എവിടെ എത്തും എന്ന് കണ്ടു പിടിക്കാന്‍ ഒരു വഴിയും ഇല്ലാഞ്ഞതിനാല്‍ നേരെ കയറി. ഒരു 8.30 ആയപ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ എത്തി. അവിടുന്ന് എല്ലാ വശത്തേക്കും കുത്തനെ ഇറക്കം മാത്രം. മാപ്പ് എടുത്തു തുറന്നു നോക്കിയപ്പോള്‍ 678 മീറ്റര്‍ ഉയരമുള്ള ഒരു മലയുടെ മുകളിലാണ് നില്പ് എന്ന് മനസ്സിലായി. നേരത്തെ കണ്ട വഴിയില്‍ ഈ മല ചുറ്റിപ്പോകേണ്ടതായിരുന്നു ... ഇനിയിപ്പോ എന്താ ചെയ്യാ? മഞ്ഞ് പോവുന്നതും കാത്ത് ഒരു 10 മണി വരെ അവിടിരുന്നു. ഒരു കാര്യവും ഉണ്ടായില്ല. അവസാനം വന്ന വഴിക്കു തിരിച്ചിറങ്ങാം എന്ന് തീരുമാനിച്ചു ... ഒമ്പത്തു ഗുഡ്ഡക്ക് ഇനി മഴ നിന്നിട്ടു പോവാം :(
കുത്തനെയുള്ള കാട്ടിലൂടെയുള്ള ഇറക്കം ഒന്നു കൂടെ ഇറങ്ങി :( ഒരു 11 മണി ആയപ്പോഴേക്കും അരുവിയുടെ അടുത്തെത്തി. കാട്ടിലൂടെ ഉള്ള വഴി കണ്ടു പിടിച്ചു ... പിന്നെ ഒറ്റ നടത്തമായിരുന്നു. 12 മണി ആയപ്പോഴേക്കും വെള്ളച്ചാട്ടത്തിന്റെ മുകളില്‍ എത്തി. താഴെക്കിറങ്ങാന് മിനക്കെടാതെ അതേ വഴിയിലൂടെ നടന്നു. വഴി മുഴുവന്‍ അട്ടകളുടെ ബഹളം ... കാലില്‍ ഒരു നൂറു അട്ടയെങ്കിലും കയറിയിട്ടുണ്ടാവും. നിന്ന് അവരെ പറിച്ചെടുക്കാന്‍ നോക്കിയിട്ട് വലിയ കാര്യം ഇല്ല. പത്ത് അട്ടയെ കളയുന്ന നേരം കൊണ്ടു 100 എണ്ണം കയറും. അത് കൊണ്ട് ആവുന്ന വേഗത്തില്‍ നടന്നു. 1 മണി ആയപ്പോള്‍ ഒരു ചെറിയ അരുവിയുടെ അടുത്തെത്തി. അവിടിരുന്നു ഷൂസ് അഴിച്ചു മാറ്റി അട്ടകളെ മുഴുവന്‍ പുറത്തെടുത്തു. പിന്നെ അരുവി ഒഴുക്കുന്ന വഴിയേ നടന്നു ഒമ്പത്തു ഗുഡ്ഡ പുഴയിലെത്തി. പുഴക്കരയിലൂടെ നടക്കാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ ആ നടപ്പ് കുറച്ചു പതുക്കെ ആയിരുന്നു. അത് കൊണ്ട് ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ വലതു വശത്തെ കാട്ടിലൂടെ മുകളിലോട്ട് കയറി, തിരിച്ചു കാട്ടിലെ വഴിയിലെത്തി ... വേഗത്തില്‍ നടന്നു ... അല്ല ... അട്ടകളെ പേടിച്ച് ... ഓടി!
ഈ വഴി ആണ് യഥാര്‍ത്ഥത്തില്‍ മാപ്പില്‍ ഉള്ള വഴി. കഴിഞ്ഞ തവണത്തെ ട്രെക്കിനു ഞങ്ങള്‍ ഒമ്പത്തു ഗുഡ്ഡ പുഴയിലുടെ ആണ് നടന്നത്. അതു കൊണ്ട് തന്നെ നടത്തം ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഈ വഴി നേരെ ചെന്നു കബ്ബിനലെ ഹോളെയിലെത്തും ... ഒമ്പത്തു ഗുഡ്ഡ പുഴ കബ്ബിനലെയില് ചേരുന്നതിന്റെ തൊട്ടടുത്ത്. ഇവിടെ കബ്ബിനലെ കടന്നു കഴിഞ്ഞാല്‍ വേറെ ഒരു വഴി കാണാം. പുഴയിലുടെ നടക്കാന്‍ വയ്യാഞ്ഞത് കാരണം ഈ വഴി തന്നെ വെച്ചു പിടിച്ചു. ഒരു അര മണിക്കൂറിനകം ഈ വഴി ഇങ്ങോട്ട് വന്ന വഴിയില്‍ ചേരുകയും ചെയ്തു ... ഇടക്കൊരു ചായ ഒക്കെ കുടിച്ച്, ഒരു 6 മണിക്ക് ഗുണ്ഡിയ ചെക്ക്-പോസ്റ്റിലെത്തി, 7 മണി ആയപ്പോഴേക്കും ബെംഗ്ലൂര്‍ക്ക് നേരിട്ടു ബസ്സും കിട്ടി ... എല്ലാം ശുഭം!
ഒമ്പത്തു ഗുഡ്ഡ എത്താന്‍ പറ്റിയില്ലെങ്കിലും ഈ വഴി കണ്ടു പിടിച്ചത് ഒരു നേട്ടം തന്നെ :) മിക്ക ആള്‍ക്കാര്‍ക്കും വഴി തെറ്റാന്‍ കാരണവും ഇതു തന്നെ. കബ്ബിനലെ ഹോളെയുടെ അരികിലുടെ നടന്നാല്‍ ഒമ്പത്തു ഗുഡ്ഡ പുഴ തുടങ്ങുന്നിടത്തെത്തും. ഇവിടെ പുഴ കടന്ന് ഒമ്പത്തു ഗുഡ്ഡ പുഴയുടെ ഇടത്ത് വശത്തെ കാട്ടിലൂടെ കുറച്ചു മേലോട്ടു നടന്നാല്‍ മാപ്പിലുള്ള വഴിയിലെത്താം. അല്ലെങ്കില്‍ കബ്ബിനലെ എത്തുന്നതിനു മുന്നേ, ഒരു പുല്‍മേടുണ്ട്, ദൂരെയുള്ള മലകള്‍ കാണാവുന്ന ഒരിടം. ഇവിടുന്നു ഇടത്തോട്ടു പോകുന്ന വഴിയില്‍ നടന്നാലും കബ്ബിനലെ എത്തും. ഇവിടെ വെച്ചു കബ്ബിനലെ കടന്നു നേരെ കാണുന്ന വഴിയിലുടെ നടന്നാലും മതി :) ഈ വഴി വെള്ളച്ചാട്ടം വരെ എന്തായാലും വഴി തെറ്റില്ല. പിന്നങ്ങോട്ട്, മാപ്പ് അനുസരിച്ച്, അരുവിയുടെ പുറകെ പോകാതെ, അരുവി കടന്ന് കുറച്ചു കൂടെ മുന്നോട്ടു നടന്നാല്‍ തിരിച്ച് ഒമ്പത്തു ഗുഡ്ഡ പുഴയിലെത്തും. ഇവിടുന്നങ്ങോട്ടും ഒരു വഴി കാണണം ... ഇതിപ്പോ അടുത്ത പോക്കിനു കണ്ടു പിടിക്കാം :)
എന്തായാലും മഴ നിന്നിട്ടു ഒന്നും കൂടെ പോവണം :) ഇപ്രാവശ്യം നല്ല സ്പീഡില്‍ നടക്കാന്‍ പറ്റിയതിനാല്‍ വയസ്സ് കൂടുതലൊന്നും ആയില്ല എന്ന് മനസ്സിലായി ... സമാധാനം ... ഇപ്പോഴും ചെറുപ്പം തന്നെ :)